സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വാഹനത്തിലേക്ക് ഒരു ചീറ്റ ഓടി കയറിയാൽ എന്ത് സംഭവിക്കും. ജീവഭയം ഉള്ള ഏതൊരു മനുഷ്യനും പേടിക്കും. എന്നാൽ പേടിക്കുന്നതിന് പകരം ചിരിച്ചു കൊണ്ട് ചീറ്റയ്‌ക്കൊപ്പം ഒരു സെൽഫി ആയാലോ. അങ്ങനെ സെൽഫിയെടുത്ത ഒരു ആഫ്രിക്കൻ സഫാരി ഗൈഡാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ആഫ്രിക്കയിൽ വിനോദസഞ്ചാരത്തിന് എത്തിയ ഒരു കൂട്ടം ആളുകൾ സഞ്ചരിച്ചിരുന്ന ജീപ്പിലേക്ക് ഒരു ചീറ്റ ചാടി കയറുകയായിരുന്നു. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.

വാഹനത്തിന്റെ സൺറൂഫിലേക്ക് കയറിയ ചീറ്റ അവിടെ ഇരുന്ന് വിശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ചീറ്റയെ കണ്ട് വിനോദസഞ്ചാരികൾ പേടിക്കുകയും പരിഭ്രാന്തരാവുകയും ചെയ്യുന്നുണ്ട്. എന്നാൽ അവരെ സമാധാനിപ്പിക്കുകയാണ് കൂടെ ഉണ്ടായിരുന്ന സഫാരി ഗൈഡ്. മാത്രമല്ല അവരുടെ പരിഭ്രാന്തി മാറ്റാനായി സൺറൂഫിൽ വിശ്രമിക്കാനിരുന്ന ചീറ്റയ്‌ക്കൊപ്പം അദ്ദേഹം ഒരു സെൽഫിയും എടുക്കുന്നുണ്ട്.
രസകരമായ ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. എന്നാൽ വിഡിയോ കാണുന്നവർ രണ്ട് തരത്തിലുള്ള അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്. ചിലർ ഗൈഡിന്റെ ധീരതയെയും സമചിത്തതയെയും പുകഴ്ത്തുമ്പോൾ മറ്റ് ചിലർ ഇത് ആവശ്യമില്ലാത്ത സാഹസികത ആയി പോയി എന്നാണ് പറയുന്നത്. ഇത്തരം നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് ഓരോ ദിവസവും നവ മാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറുന്നത്.