സ്‌കൂട്ടര്‍ പൂജയ്‌ക്കെത്തിയവര്‍ ആനയോട് ചെയ്തത് കണ്ടോ? ദേഷിച്ച് ആന; പൊലിഞ്ഞത് പാപ്പാന്റെ ജീവനും

1817

തിരുവനന്തപുരം നെയ്യാറ്റിന്‍കര ആയയില്‍ ഇടഞ്ഞ കൊമ്പനാന ഒന്നാം പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നതോടെ പ്രദേശവാസികള്‍ മുഴുവന്‍ ഭീതിയിലായി. പാപ്പാനെ കൊന്ന ശേഷം കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്ര വളപ്പില്‍ നിന്നും ഒരു കിലോമീറ്ററോളം ഓടിയ ആന രണ്ടു മണിക്കൂറോളം പ്രദേശവാസികളെ ഭീതിയിലാക്കി.

നെയ്യാറ്റിന്‍കര കരിയിലകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ പശ്ചിമ മേഖലാകമ്മിറ്റിയുടെ വക ഗൗരി നന്ദനന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ വൈകുന്നേരം 5.30നാണ് സംഭവങ്ങളുടെ തുടക്കം. ക്ഷേത്രത്തിനു മുന്നില്‍ ആനയെ എത്തിച്ചപ്പോള്‍ സ്‌കൂട്ടര്‍ പൂജിക്കാനെത്തിച്ച യുവാക്കള്‍ മൊബൈലില്‍ ഫോട്ടോ എടുത്തു. മൊബൈലിന്റെ ഫ്‌ലാഷ് കണ്ണില്‍ പതിച്ച് തല കുനിച്ചു നിന്ന ആനയോട് തല ഉയര്‍ത്താന്‍ ആജ്ഞാപിച്ച പാപ്പാന്‍ തോട്ടി കൊണ്ട് കുത്തി വലിച്ചതാണ് പ്രകോപനമായത്.

പാപ്പാനെ തുമ്പി കൈയ്യില്‍ തൂക്കി ആഞ്ഞ് അടിക്കുകയായിരുന്നു. നിലത്തുവീണ പാപ്പാന്‍ ഒഴിഞ്ഞു മാറിയെങ്കിലും പിന്നാലെ ചെന്ന് ചുമരില്‍ ചേര്‍ത്ത് ഞെരുക്കി. അബോധാവസ്ഥയില്‍ വീണ പാപ്പാനെ നാട്ടുകാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി വിഷ്ണു (25) ആണു മരിച്ചത്. പൂജിക്കാനെത്തിച്ച പുതിയ സ്‌കൂട്ടര്‍ തകര്‍ത്ത ആന ജനവാസ മേഖലയിലേക്ക് ഓടിയതോടെ രണ്ടു മണിക്കൂറോളം നാട് മുള്‍മുനയിലായി.

ഒരു കിലോമീറ്ററോളം സഞ്ചരിച്ച് വീട്ടുവളപ്പില്‍ നിന്ന ആനയെ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരും എലിഫന്റ് സ്‌ക്വാഡും രണ്ടാം പാപ്പാനായ സജീവും ചേര്‍ന്നാണ് സമീപത്തെ മരത്തില്‍ തളച്ചത്. ആനയ്ക്ക് മദപ്പാടിലായിരുന്നില്ല, കൂച്ചുവിലങ്ങും ഉണ്ടായിരുന്നില്ല. 26 വര്‍ഷം മുന്‍പാണ് ഗൗരീനന്ദനെ, ആയയില്‍ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. ക്ഷേത്രത്തിലെ പശ്ചിമ മേഖലാ പ്രാദേശിക ഉത്സവ സമിതിയാണ് എത്തിച്ചത്.

അന്നു മുതല്‍ ക്ഷേത്രവും ക്ഷേത്രത്തിലെത്തുന്ന ഭക്തരും ഗൗരീനന്ദന്റെ പ്രിയപ്പെട്ടവരാണ്. കുട്ടികള്‍ പോലും അവന്റെ അടുക്കല്‍ ഭയമില്ലാതെ കടന്നു ചെല്ലാറുണ്ട്. ഒപ്പം നിന്നു സെല്‍ഫി എടുക്കാറുണ്ട്. അപ്പോഴൊന്നും കുറമ്പു കാട്ടുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. പിന്നെ ഇന്നലെ എന്തു പറ്റിയെന്നറിയില്ല എന്ന് നാട്ടുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here