കൊച്ചി: യുവനടിയെ അപമാനിച്ച കേസിൽ അറസ്‌റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. പ്രതികളായ റംഷാദ്, മുഹമ്മദ് ആദിലിൻ്റെയും അറസ്‌റ്റ് തിങ്കളാഴ്‌ച രാവിലെയാണ് രേഖപ്പെടുത്തിയത്. റംഷാദ് ഒന്നാം പ്രതിയും മുഹമ്മദ് ആദില്‍ രണ്ടാം പ്രതിയുമാണ്.
പെരിന്തൽമണ്ണ സ്വദേശികളായ പ്രതികളെ ഞായറാഴ്‌ച രാത്രിയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. കീഴടങ്ങാനായി എറണാകുളത്തേക്ക് വരുന്നതിനിടെ കളമശേരിയിൽ വെച്ചാണ് ഇവർ പോലീസിൻ്റെ പിടിയിലായത്.
പ്രതികളോട് നടി ക്ഷമിച്ചെങ്കിലും കേസ് നിലനിൽക്കുമെന്നും എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത കേസിൽ കോടതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും പോലീസ് വ്യക്തമാക്കി. കൊച്ചിയിൽ തിരിച്ചെത്തിയ ശേഷം പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തും.
ഞായറാഴ്‌ച രാവിലെ നടിയെ മനഃപൂർവം അപമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പ്രതികൾ മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. നടിയോട് മാപ്പ് പറയാൻ ഒരുക്കമാണെന്നും ഇരുവരും വെളിപ്പെടുത്തിയിരുന്നു. നടന്ന് നീങ്ങിയപ്പോള്‍ അറിയാതെ തട്ടിയതാണെന്നും, അല്ലാതെ മനപ്പൂര്‍വ്വം ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു ഇവരുടെ വാദം. ഇക്കാര്യം നൂറ് ശതമാനവും ഉറപ്പാണെന്നും പ്രതികള്‍ പറഞ്ഞിരുന്നു.
പ്രതികളുടെ കുടുംബങ്ങളുടെ അവസ്ഥ മാനിച്ചും മാപ്പ് പറയാൻ അവർ കാണിച്ച മനസിനെ അംഗീകരിച്ചും കൊണ്ട് താൻ പ്രതികളോട് ക്ഷമിക്കുന്നുവെന്നാണ് നടി ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. നേരത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ തന്നെയാണ് താൻ അപമാനിക്കപ്പെട്ടതായി വ്യക്തമാക്കി നടി രംഗത്തെത്തിയത്. തുടർന്ന് അന്വേഷണത്തിലൂടെ പ്രതികൾ പെരിന്തൽമണ്ണ സ്വദേശികളാണെന്ന് കണ്ടെത്തുകയായിരുന്നു. മുന്നോട്ട് പോകാൻ പോകാൻ ഒപ്പം നിന്ന മാധ്യമങ്ങൾക്കും പോലീസിനും നന്ദി പറയുന്നുവെന്നും നടി അറിയിച്ചു.