ഛത്തീസ്ഗഢ് സ്വദേശിനി ജ്യോതി കേരളത്തിന്റെ മരുമകളായെത്തിയതിനുപിന്നില്‍ വലിയൊരുത്യാഗത്തിന്റെ കഥയുണ്ട്. സേവനമാണ് ജീവിതം എന്ന് പ്രതിജ്ഞയെടുത്ത് നഴ്‌സിങ് പഠനത്തിനിറങ്ങിയ ജ്യോതിയുടേത് മാറിമറിഞ്ഞ ജീവിതമാണ്. മലയാളം കേള്‍ക്കുകപോലും ചെയ്യാതിരുന്ന ജ്യോതി ഇന്ന് നന്നായി മലയാളം പറയും. മലയാളത്തില്‍ തെറ്റില്ലാതെ മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍പറഞ്ഞുമനസ്സിലാക്കും. കേരളത്തിന്റെ ഈ മരുമകള്‍. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷനിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായാണ് ജ്യോതി വികാസ് മത്സരിച്ചാത്. സ്വന്തം കഥ ജ്യോതി പറയും.
2010 ജനുവരി മൂന്ന്. ബി.എസ്സി നഴ്‌സിങ് വിദ്യാര്‍ഥിയായിരുന്ന ജ്യോതി കോളേജില്‍നിന്ന് അവധിക്കാലം ആഘോഷിക്കാന്‍ ഛത്തീസ്ഗഢ് ദന്തേവാഢ ബച്ചേലിയിലുള്ള വീട്ടിലേക്ക് ബസ് കയറി. ഛത്തീസ്ഗഢ് ബൈലഡില ക്യാമ്പില്‍ സി.ഐ.എസ്.എഫ്. ജവാനായിരുന്ന പാലക്കാട് പെരുവെമ്പ് സ്വദേശി പി.വി. വികാസും ഈ ബസ്സിനകത്തുണ്ടായിരുന്നു. ലീവുകഴിഞ്ഞ് നാട്ടില്‍നിന്ന് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു ഈ ചെറുപ്പക്കാരന്‍. ബസ്സിന്റെ ജനലിനരികിലെ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന വികാസിന്റെ പിറകിലെ സീറ്റിലായിരുന്നു ജ്യോതി.
പെട്ടെന്നാണ് ഇവരുടെ ബസ്സിനുനേരെ ഒരു ടാങ്കര്‍ ലോറി ചീറിപ്പാഞ്ഞുവന്നത്. വികാസ് ഇരിക്കുന്ന വശത്തേക്കുവന്ന ലോറി കണ്ടതോടെ പിറകിലിരിക്കുന്ന ജ്യോതി തന്റെ വലതുകൈകൊണ്ട് വികാസിനെ തള്ളിമാറ്റി. അത്ഭുതകരമായി വികാസ് രക്ഷപ്പെട്ടു. പക്ഷെ, ലോറിയുടെ ഇടിയുടെ ആഘാതത്തില്‍ ജ്യോതിയുടെ വലതുകൈ വാഹനങ്ങള്‍ക്കിടയില്‍ കുരുങ്ങി. കൈമുട്ടിലായിരുന്നു ഇടി. പിന്നീട് അണുബാധയില്ലാതിരിക്കാന്‍ തോളിനൊപ്പം കൈ മുറിച്ചുമാറ്റി. അപരിചിതയായിട്ടും തന്റെ ജീവന്‍ രക്ഷിക്കാന്‍ വലതുകൈ ത്യജിച്ചവളെ വികാസ് പിന്നീട് ജീവിതസഖിയായി സ്വീകരിച്ചു.
ഇതോടെ ഹിന്ദിമാത്രം സംസാരിക്കാനറിയുന്ന ജ്യോതി കേരളത്തിന്റെ മരുമകളായി. വീടുകളില്‍ കയറിച്ചെല്ലുമ്പോള്‍ വോട്ടര്‍മാര്‍ കൈകൂപ്പി നമസ്‌കാരം പറയാറുണ്ടെങ്കിലും, അപകടത്തില്‍ ഇല്ലാതായ വലംകൈയുടെ ഭാഗം ഷാളുകൊണ്ടുമറച്ച് ജ്യോതി ഇടംകൈ നെഞ്ചോടുചേര്‍ത്ത് നമസ്‌കാരം പറയും. കേരളത്തിലെത്തി 10 വര്‍ഷത്തോളമായി. മലയാളം എഴുതാനും വായിക്കാനും അറിയാം. വികാസിന്റെയും വീട്ടുകാരുടെയും പിന്തുണയോടെയാണ് മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്.