ഇടുക്കിയിലെ വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലെ ലഹരി നിശാ പാര്‍ട്ടിക്കിടെ പിടിയിലായവരുടെ കയ്യില്‍ നിന്ന് ലഭിച്ചത് ഏഴ് തരത്തിലുളള ലഹരി വസ്‌തുക്കള്‍. എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പില്‍സ്, എക്സറ്റസി പൗഡര്‍, ചരസ്, ഹാഷിഷ് എന്നിവയാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്. അറസ്റ്റിലായ ഒമ്ബത് പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍ നിന്നുമായാണ് ലഹരി വസ്‌തുക്കളെല്ലാം ലഭിച്ചത്.
തൊടുപുഴ സ്വദശിയായ ഒന്നാം പ്രതി അജ്മല്‍ സക്കീറാണ് ഇവയെല്ലാം നിശാ പാര്‍ട്ടികളിലേയക്ക് എത്തിച്ചു നല്‍കിയത്. അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി അജ്മലിനും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും ബന്ധമുണ്ടെന്നാണ് സൂചന. മുമ്പ് വിവിധയിടങ്ങളിലെ പാർട്ടികളിൽ ഇവർ ലഹരി ഉപയോഗം നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കേസിലെ ഒമ്ബതാം പ്രതിയും നടിയുമായ ബ്രിസ്‌റ്റി ബിശ്വാസിന് ലഹരിമരുന്ന് സംഘവുമായി നേരത്തെമുതല്‍ ബന്ധമുണ്ടെന്നാണ് വിവരം. പനമ്ബളളി നഗറിലെ ഷോപ്പിംഗ് കോംപ്ലക്സ് കേന്ദ്രീകരിച്ച് ഒത്തുകൂടുന്ന ലഹരി സംഘത്തിലെ കണ്ണികളിലൊരാളാണ് തൃപ്പൂണിത്തുറ സ്വദേശിയായ നടി. ബ്രിസ്റ്റിയെ കൂടാതെ വാഗമണിലെ പാര്‍ട്ടിയില്‍ സിനിമാമേഖലയിലെ ചിലര്‍ പങ്കെടുക്കുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും ഇവരാരും എത്തിച്ചേര്‍ന്നിരുന്നില്ല.
പാര്‍ട്ടിക്ക് എത്തിയവര്‍ക്ക് ലഹരിമരുന്നുകള്‍ വിറ്റ് പണം സമ്ബാദിക്കുക എന്നതായിരുന്നു പിടിയിലായവരുടെ ലക്ഷ്യമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. 58 പേരാണ് നിശാ പാര്‍ട്ടി നടന്ന സ്ഥലത്തുണ്ടായിരുന്നത്.