മരിച്ചെന്ന് കരുതി മൃതദേഹം സംസ്കരിച്ച ബന്ധുക്കളെ അത്ഭുതപ്പെടുത്തി പത്തനംതിട്ട, പന്തളത്ത് യുവാവിന്റെ തിരിച്ചുവരവ് ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. കുടശ്ശനാട് സ്വദേശി സാബു ജേക്കബ് ആണ് “ഞാൻ മരിച്ചിട്ടില്ല” എന്ന് പന്തളം പോലീസിൽ റിപ്പോർട്ട് ചെയ്തത്. ബന്ധുക്കൾക്ക് തെറ്റ് പറ്റിയതാണെന്നും യുവാവ് കൂട്ടിച്ചേർത്തു.
യുവാവിന്റേത് എന്ന് കരുതി ബന്ധുക്കൾ അടക്കം ചെയ്ത മൃത ദേഹം ആണ് ഇപ്പോൾ പോലീസിന് തലവേദന ആയി മാറിയിരിക്കുകയാണ്. 2020 ഡിസംബർ 26ന് പത്രത്തിൽ കണ്ട അജ്ഞാത മൃതദേഹത്തെ കുറിച്ചുള്ള വാർത്ത അറിഞ്ഞാണ് ബന്ധുക്കൾ സാബു ജേക്കബ് മരിച്ചതായി തെറ്റിദ്ധരിച്ചത്. കോട്ടയം പാലാ സ്റ്റേഷൻ പരിധിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട അജ്ഞാതന് സാബുവുമായി സാമ്യം കണ്ടെത്തിയതോടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു.
മതാചാര പ്രകാരം ബന്ധുക്കൾ സംസ്കാര ചടങ്ങുകളും നിർവഹിച്ചു. എന്നാൽ ഒരുപാട് കാലമായി ബന്ധുക്കളിൽ നിന്ന് അകന്ന് കഴിഞ്ഞിരുന്ന സാബു സുഹൃത്തുക്കൾ മുഖേന തന്റെ മരണ വാർത്തകൾ അറിഞ്ഞ് പന്തളം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ചില മോഷണക്കേസിൽ പ്രതി ആയതിനെ തുടർന്നാണ് സാബു നാട്ടിൽ നിന്നും മാറി നിന്നത്. ഇതോടെ കഴിഞ്ഞ ദിവസം സാബുവിന്റെ ബന്ധുക്കളെ പന്തളം പോലീസ് വിളിച്ചു വരുത്തി സാബു മരിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തി.
തുടർന്ന് സാബുവിന്റെ പേരിൽ നിലവിൽ കേസുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. സാബുവിന്റേത് എന്ന് കരുതി അടക്കം ചെയ്ത മൃതദേഹം ആരുടേത് എന്ന പ്രതിസന്ധിയിലാണ് ഇപ്പോൾ പോലീസ്. കേസിന്റെ പുനർനടപടികൾ തുടരാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടുകയാണ് പന്തളം പോലീസ്.