അന്തരിച്ച നടൻ രാജൻ പി ദേവിന്‍റെ മകനും നടനുമായ ഉണ്ണി പി രാജിന്‍റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യാക്കേസില്‍ ഉണ്ണിക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്. പ്രിയങ്ക തൂങ്ങിമരിക്കുന്നതിന് തൊട്ടുമുമ്പ് ഫോണിൽ സംസാരിച്ചത് ഉണ്ണിയോടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇന്നലെയാണ് അങ്കമാലിയിലെ വീട്ടിൽ നിന്ന് ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പ്രിയങ്കയ്‍ക്കെതിരെ ഗാര്‍ഹിക പീഡനം നടത്തിയതിൽ ഉണ്ണിയുടെ അമ്മയ്ക്കും പങ്കുണ്ടെന്ന് പ്രിയങ്കയുടെ അമ്മ ജയ പോലീസിനെ അറിയിച്ചിട്ടുമുണ്ട്.
സാധൂകരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഉണ്ണിയുടെ അമ്മ ശാന്തമ്മയേയും പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. തിരുവനന്തപുരം വെമ്പായം സ്വദേശിയും കൊച്ചിയിലെ സ്വകാര്യ സ്കൂളില്‍ അധ്യാപികയുമായിരുന്നു പ്രിയങ്ക. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഒന്നരവര്‍ഷം മുമ്പ് ഉണ്ണിയുമായി പ്രിയങ്കയുടെ വിവാഹം. എന്നാല്‍ വിവാഹ ശേഷം മാനസിക, ശാരീരിക ഉപദ്രവം സഹിച്ചാണ് കഴിഞ്ഞതെന്ന് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പ്രിയങ്ക പോലീസിൽ പരാതി നൽകിയിരുന്നു.
ഡിജിറ്റൽ തെളിവുകളായി തനിക്ക് മര്‍ദനമേറ്റ പാടുകളുടെ ദൃശ്യങ്ങളും ഉണ്ണി ചീത്തവിളിക്കുന്നതിന്‍റെ ശബ്‍ദരേഖയും പരാതിയോടൊപ്പം പ്രിയങ്ക പോലീസിന് കൈമാറിയിട്ടുണ്ടായിരുന്നു. ഇത് ഉണ്ണിക്കും കുടുംബത്തിനുമെതിരെ നിര്‍ണായ തെളിവാണ്. മെയ് 12ന് ഭര്‍ത്താവിന്‍റെ അങ്കമാലിയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരം വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയതിന് ശേഷമാണ് പ്രിയങ്ക തൂങ്ങിമരിച്ചത്.
ഉണ്ണിയുടെ അമ്മയുടെ അറിവോടെയാണ് ഈ ഉപദ്രവങ്ങള്‍ നടന്നിട്ടുള്ളതെന്നാണ് സൂചന. ഉണ്ണയിടെ അമ്മ ശാന്തമ്മ ഇപ്പോള്‍ കൊവിഡ് ബാധിതയാണ്. നെഗറ്റീവായാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് അറിയാനാകുന്നത്.