മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് എത്തിയ വിജയലക്ഷ്മി ആദ്യ ഗാനത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തുനിന്നും ഗായികയെ തേടി മികച്ച അവസരങ്ങൾ എത്തുകയായിരുന്നു. ഭാഷാ വ്യത്യാസമില്ലാതെ പാടിയ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകളും ആയിരുന്നു.
നിറങ്ങളില്ലാത്ത ലോകത്ത് നിന്നാണ് വിജയലക്ഷ്മി സംഗീതത്തിന്റെ വെളിച്ചം കണ്ടെത്തിയത്. പ്രതിസന്ധിഘട്ടങ്ങളെ ഓരോന്നായി തരണം ചെയ്യുമ്പോഴും പ്രിയ ഗായികയ്ക്ക് കൂട്ടായി സംഗീതം കൂടെയുണ്ടായിരുന്നു. സംഗീതം നൽകിയ വെളിച്ചത്തിലൂടെ ജീവിതം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഇപ്പോഴിതാ ഒരു സന്തോഷവാർത്ത പുറത്ത് എത്തുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച തിരികെ ലഭിക്കും. മനോരമ ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ വൈക്കം വിജയലക്ഷ്മി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യുഎസിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ചികിത്സയിൽ പ്രതീക്ഷയുണ്ടെന്നാണ് വിജയലക്ഷ്മി പറയുന്നത്. ആദ്യകാലത്ത് കാഴ്ച തീരെ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഇരുട്ട് മാറി നേരിയ വെളിച്ചം പോലെ തോന്നിത്തുടങ്ങിയിട്ടുണ്ടെന്നും വിജയലക്ഷ്മി പറയുന്നു. കാഴ്ച തിരികെ കിട്ടിയെന്ന് തെറ്റിദ്ധരിക്കരുതെന്ന് പറയുന്നതോടൊപ്പം കാഴ്ച തിരികെ കിട്ടുമെന്നുള്ള പ്രതീക്ഷയും വിജയലക്ഷ്മി പങ്കുവെക്കുന്നുണ്ട്. ശസ്ത്രക്രിയ കൂടാതെ മരുന്നു കൊണ്ടു തന്നെ രോഗം മാറ്റാമെന്നുള്ള ആത്മവിശ്വാസം ഡോക്ടർമാരും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ജയലക്ഷ്മി പറയുന്നു.
കോവിഡ് ഭീഷണി മാറിയാൽ ഉടനെതന്നെ തുടർചികിത്സയ്ക്കും പരിശോധനയ്ക്കുമായി ന്യൂയോർക്കിലേക്ക് പോകുമെന്നും പ്രിയ ഗായിക പറയുന്നു. നിലവിൽ നാട്ടിൽ താമസിച്ചാണ് ചികിത്സ നടത്തുന്നത്. കഴിഞ്ഞവർഷം യുഎസിൽ ഗാനമേളയ്ക്ക് പോയപ്പോഴായിരുന്നു ന്യൂയോർക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിൽ സ്കാനിങ് നടത്തിയ റിപ്പോർട്ട് പരിശോധിച്ച് ഡോക്ടർമാർ മരുന്ന് ഫലിക്കുമെന്ന സൂചന നൽകിയിട്ടുണ്ട്. ഇപ്പോൾ മരുന്നിന്റെ അളവ് കൂട്ടിയിരിക്കുകയാണ് എന്നും പ്രതീക്ഷ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. കുടുംബാംഗങ്ങളും ഏറെ പ്രതീക്ഷയിലാണ്. ചികിത്സയ്ക്ക് ഫലം കാണുമെന്നും പ്രതീക്ഷയുണ്ടെന്നും അമ്മ വിമല പറഞ്ഞു.