മാവേലിക്കരയിൽ വൻ ലഹരിമരുന്ന് വേട്ട. ഗവ. ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിൽനിന്ന് 29 കിലോ കഞ്ചാവും നാലര ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. 1800 പാക്കറ്റ് പുകയില ഉത്‌പന്നങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കായംകുളം ചേരാവള്ളി സ്വദേശി നിമ്മി(32)യെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി പിടിയിലാകുമ്പോൾ നിസഹായരായി എട്ടും നാലരയും വയസുള്ള കുഞ്ഞുങ്ങൾ യുവതിക്കൊപ്പമുണ്ടായിരുന്നു. അമ്മയെ അറസ്റ്റു ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്നു മനസിലാകാതെ കരയുകയായിരുന്ന കുഞ്ഞുങ്ങളെ ബന്ധുക്കളെ വിളിച്ചു വരുത്തി ഏൽപിച്ചാണ് പൊലീസ് യുവതിയുമായി പോയത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്‌ഡ് നടത്തിയത്. മാവേലിക്കര സ്വദേശി ലിജു ഉമ്മനാണ് നിമ്മിയുടെ പേരിൽ വീട് വാടകയ്ക്ക് എടുത്തിരുന്നത്. ഇയാൾ ഒളിവിൽപോയിരിക്കുകയാണ്. പുതുവത്സര ദിനാഘോഷങ്ങൾ ലക്ഷ്യമിട്ടാണ് വീട്ടിൽ വൻതോതിൽ ലഹരിമരുന്ന് സംഭരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഭർത്താവ് വിദേശത്തുള്ള കായംകുളം സ്വദേശിനി തയ്യിൽ തെക്കതിൽ വീട്ടിൽ നിമ്മിയെ കൂടെക്കൂട്ടിയായിരുന്നു ലിജുവിന്റെ ലഹരി ഇടപാടുകൾ. ആഡംബരക്കാറിൽ യുവതിയെയും കുഞ്ഞുങ്ങളെയും കൂട്ടി യാത്ര ചെയ്യുമ്പോൾ പൊലീസ് ചെക്കിങ്ങിൽ നിന്ന് ഒഴിവാകുമായിരുന്നു. ഈ അവസരം മുതലെടുത്ത് ലഹരി കടത്തുന്നതായിരുന്നു ഇയാളുടെ പതിവ്.
നിമ്മിയുടെ ഭർത്താവ് കായംകുളം സ്വദേശിയായ യുവാവ് വിദേശത്താണുള്ളത്. ഇദ്ദേഹവുമായി അകൽച്ചയിലായിരുന്ന അവസരം മുതലെടുത്താണ് ലിജു ഇവരെ വശത്താക്കി ലഹരി ഇടപാടുകൾക്ക് ഉപയോഗപ്പെടുത്തിയിരുന്നത്. ലിജുവിന്റെ താൽപര്യപ്രകാരമാണ് കായംകുളത്തു നിന്ന് മാവേലിക്കര ഭാഗത്ത് ഇവർക്കായി വീടെടുത്തു നൽകിയത്. ഈ വീട്ടിൽ നിന്ന് നാലര ലീറ്റർ വാറ്റുചാരായവും 40 ലീറ്റർ കോടയും വാറ്റ് ഉപകരണങ്ങളും ഹാൻസ് പായ്ക്കറ്റുകളും കണ്ടെടുത്തിരുന്നു. ലിജുവിന്റെ കാറിൽ നിന്നും വീടിനുള്ളിൽ നിന്നുമായി 29 കിലോ കഞ്ചാവാണ് കണ്ടെത്തിയത്.
പിടിയിലായ നിമ്മിയെ റിമാൻഡ് ചെയ്തതായി മാവേലിക്കര പൊലീസ് അറിയിച്ചു. ഒന്നാം പ്രതി പോനകം എബനേസർ പുത്തൻ വീട്ടിൽ ലിജു ഉമ്മൻ തോമസിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇയാളെ പിടികൂടിയാൽ മാത്രമേ എവിടെ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്നും വിൽപന ഏതു രീതിയിലാണ് എന്നതും ഉൾപ്പടെയുള്ള വിവരങ്ങൾ ലഭിക്കൂ എന്നും പൊലീസ് പറയുന്നു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും വിശദമായ അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു.
വർഷങ്ങളായി ഗുണ്ടാ പ്രവർത്തനവും ലഹരി ഇടപാടുകളുമായി നടക്കുന്ന ലിജു ഉമ്മൻ തോമസിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 41 കേസുകളുണ്ട്. ഇയാളെ കുരുക്കാൻ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്യുന്നതിന് നടപടിയുണ്ടായിട്ടും അതിൽ നിന്നും രക്ഷപെട്ടു നടക്കുകയായിരുന്നു ഇയാളെന്നും പൊലീസ് പറയുന്നു.