നടന്‍ അനില്‍ നെടുമങ്ങാടിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് കണ്ട് നടുങ്ങി ആരാധകര്‍; അറംപറ്റിയോ വാക്കുകള്‍

626

ക്രിസ്മസ് ദിനം സായാഹ്നത്തോടടുക്കുമ്പോൾ മലയാള സിനിമാലോകത്തെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നടൻ അനിൽ നെടുമങ്ങാട് ഇടുക്കി മലങ്കര ഡാമിൽ മുങ്ങി മരിച്ചതായ റിപ്പോർട്ട് പുറത്ത് വരുന്നതോടെ ഇക്കൊല്ലം മലയാള സിനിമാ ലോകത്തിൻ്റെ വലിയ തീരാനഷ്ടങ്ങളുടെ കണക്കിൽ ഒരാൾ കൂടി ചേരുകയാണ്. കുളിക്കാൻ വേണ്ടി ഡാമിൽ ഇറങ്ങിയതിനിടയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടിലായിരുന്നു അപകടം.

വൈകിട്ട് ആറോടെയാണ് അപകടം ഉണ്ടായത്. കുളിക്കാനിറങ്ങിയ അനിൽ നെടുമങ്ങാട് കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളാണ് അടുത്ത് താമസിക്കുന്നവരെ അറിയിച്ചത്. പെട്ടെന്ന് തന്നെ പ്രദേശവാസിയായ യുവാവ് സ്ഥലത്തെത്തി അനിലിനെ കരയ്ക്കെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളത്തിൽ വീണ് എട്ടു മിനിട്ടിനുള്ളിൽ തന്നെ അനിലിനെ കരയ്ക്ക് എത്തിനായെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ പോയത് വിങ്ങലായി മാറുകയാണ്. തൊടുപുഴയിൽ ഷൂട്ടിംഗിനായി എത്തിയതായിരുന്നു അനിൽ.

കമ്മട്ടിപ്പാടം, അയ്യപ്പനും കോശി, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അനിലിൻ്റെ കരിയറിലെ പൊൻതൂവലുകളാണ്. അയ്യപ്പനും കോശിയിലെ സിഐ സതീഷ് എന്നും പ്രേക്ഷക മനസ്സിൽ നിറയുന്ന കഥാപാത്രമാണ്. അത്രയേറെ മികവോടെയാണ് അനിൽ ഈ കഥാപാത്രത്തെ അഭ്രപാളിയിൽ അവതരിപ്പിച്ച് വിസ്മയിപ്പിച്ചത്.

ഇപ്പോഴിതാ അനിൽ പി നെടുമങ്ങാട് തൻ്റെ ഫേസ്ബുക്ക് പേജിൽ ഒടുവിൽ കുറിച്ചത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിൻ്റെ സംവിധായകൻ സച്ചിയെ കുറിച്ചായിരുന്നു എന്നതാണ് ഏറെ വിങ്ങലായി മാറിയിരിക്കുന്നത്. സച്ചിയുടെ ജന്മദിനമായ ഇന്ന് തന്നെയാണ് പ്രിയസുഹൃത്തിൻ്റെ വേർപാട് എന്നത് ആരാധകർക്കിടയിൽ വിങ്ങലായി മാറുകയാണ്. ഒടുവിൽ സച്ചിയുടെ അടുത്തേക്ക് അനിലും … എന്നാണ് സോഷ്യൽ മീഡിയ വിതുമ്പിക്കൊണ്ട് കുറിക്കുന്നത്. സച്ചിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് എന്ന് പറഞ്ഞുകൊണ്ടാണ് അനിലിൻ്റെ കുറിപ്പ് തുടങ്ങുന്നത്.

‘ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ… ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ? ഞാൻ പറഞ്ഞു ആയില്ല ആവാം. ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….’

‘ അനിലേട്ടാ ഈ പോസ്റ്റ്‌ ഇങ്ങനെ ഇട്ടത് ഇതിനായിരുന്നോ’, ‘ഇത്രയും അവസാനമായി എഴുതി നിങ്ങളും അങ്ങ് പോയി അല്ലെ??’, ‘വല്ലാത്തൊരു പോസ്റ്റ് ആയിപ്പോയി… ‘, ‘എന്നിട്ടും നീയും പോയല്ലോ…….. അനിലേ………..’ തുടങ്ങിയ വിങ്ങലടക്കിക്കൊണ്ടുള്ള വാക്കുകളാണ് അനിൽ നെടുമങ്ങാടിൻ്റെ സുഹൃത്തുക്കൾ ഇപ്പോൾ ഈ പോസ്റ്റിനു താഴെ കുറിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here