തെരുവിൽ ഭിക്ഷയാചിക്കുന്ന പലർക്കും വളരെ സുവർണ്ണമായ ഭൂതകാലം ഉണ്ടാകാറുണ്ട്. ആട്ടിയോടിക്കപ്പെട്ട പലരും കുടുംബവും കൂട്ടുകാരുമായി ജീവിച്ചവരാകാം. ഇപ്പോൾ അത്തരത്തിൽ ഒരു സംഭവമാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ബ്രസീലിലാണ് സംഭവം നടന്നത്. കഴിഞ്ഞ പത്ത് വർഷമായി തെരുവിൽ ആക്രി വിറ്റു നടന്നാണ് ബ്രസീലിയൻ സ്വദേശിയായ ജോ കോയിലോ ജീവിച്ചത്.
പുരുഷൻമാരുടെ ഫാഷൻ ഷോ നടത്തുന്ന അലക്സാൺഡ്രോ ലോബോയാണ് ജോയുടെ ജീവിതം മാറ്റിമറിച്ചത്. വഴിയരികിൽ ഇരിക്കുകയായിരുന്ന ജോയോട് വിശക്കുന്നുണ്ടോ ഭക്ഷണം വേണോ എന്ന് ലോബോ ചോദിച്ചു. നിരസിച്ച ജോ തനിക്ക് മുടിയും താടിയും വെട്ടി വൃത്തിയാക്കുമോ എന്ന് തിരിച്ചു ചോദിച്ചു. ഭിക്ഷക്കാരൻ ഇത്തരമൊരു ആവശ്യം പറഞ്ഞപ്പോൾ ലോബോ ആദ്യം അതിശയിച്ചു. പിന്നീട് സമ്മതിച്ചു.
മുഖം പോലും മറഞ്ഞ രീതിയിൽ വളർന്ന ജോയുടെ താടിയും മുടിയും ലോബോ വൃത്തിയാക്കി. അതിനുശേഷം അദ്ദേഹത്തിന് പുതിയ ജോഡി ഡ്രസ്സും ഷൂസും നൽകി. പിന്നീടായിരുന്നു ട്വിസ്റ്റ്. ഒരു കൗതുകത്തിന് ജോയുടെ ചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ ലോബോ പോസ്റ്റ് ചെയ്തു. ജോ വലിയ നാണക്കാരൻ ആണെന്നും തന്റെ പുതിയ രൂപത്തിൽ ഏറെ സന്തോഷവാനായിരുന്നു എന്നും ലോബോ പറഞ്ഞു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലോബോയെ തേടി ഒരു ഫോൺകോൾ എത്തി. ജോയിയുടെ വീട്ടുകാർ ആയിരുന്നു അത്.
വീട്ടുകാർ ജോ മരിച്ചെന്നാണ് കരുതിയിരുന്നത്. ഒടുവിൽ സമൂഹമാധ്യമങ്ങളിൽ പുതിയ രൂപം കണ്ടതോടെയാണ് വീട്ടുകാർ തിരിച്ചറിഞ്ഞത്. കഴിഞ്ഞ പത്തുവർഷമായി വീട്ടുകാർക്ക് അദ്ദേഹത്തെക്കുറിച്ച് അറിവില്ലായിരുന്നു. ക്രിസ്മസിന് ഒരു കുടുംബത്തിൽ സന്തോഷം ഉണ്ടാക്കിയതിന്റെ സംതൃപ്തിയും ഉണ്ട് ലോബോയ്ക്ക്. ആരുമില്ലാതെ നടന്ന ജോ കൊയിലൊക് പത്തുവർഷത്തിനുശേഷം തന്റെ കുടുംബത്തെ തിരിച്ചുകിട്ടിയിരിക്കുകയാണ്.