തിരുവനന്തപുരം കടയ്ക്കാവൂരിൽ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം. പിതാവ് പരാതി നൽകിയതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. രാത്രി കാലങ്ങളിൽ അമ്മ മോശമായി പെരുമാറിയിരുന്നതായി കുട്ടി വെളിപ്പെടുത്തി.
ഇതോടെ പോക്സോ വകുപ്പ് പ്രകാരം അമ്മയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ കേസിൽ ഇരയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യ സംഭവമാണിത്. വക്കം സ്വദേശിനിയായ യുവതിയെയാണ് 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്‌തത്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
നാല് മക്കളും മാതാവും വക്കത്തെ വീട്ടിൽ താമസിക്കുമ്പോഴായിരുന്നു സംഭവമുണ്ടായത്. കുട്ടികളുടെ പിതാവ് വിദേശത്തായിരുന്നു. കുറച്ചു നാളുകൾക്ക് മുൻപ് 17 വയസുള്ള മകൻ അമ്മയുടെ ഫോണിൽ നിന്ന് സംശയാസ്പദമായ ചില കാര്യങ്ങൾ കാണുകയും അത് പിതാവിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് നാട്ടിലെത്തിയ പിതാവ് സ്ത്രീയിൽ നിന്ന് വിവാഹമോചനം നേടി. പിന്നാലെ കുട്ടികളുമായി വിദേശത്തേക്കു പോയി.
പതിനാല് വയസുള്ള രണ്ടാമത്തെ കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം തോന്നിയ പിതാവ് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. തുടർന്ന് പിതാവ് നാട്ടിലെത്തി ചൈൽഡ് ലൈനിൽ പരാതി നൽകി കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി. പത്തു ദിവസത്തെ കൗൺസിംലിംഗിൽ അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തി. തുടർന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.നിലവിൽ അട്ടകുളങ്ങര വനിതാ ജയിലിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.