ജോലിക്കാരിയായെത്തി, പിന്നെ സഹോദരിയായി; ഇപ്പോള്‍ ‘ലോക്ക്ഡൗണ്‍ മോം’; അപൂര്‍വമായൊരു പ്രൊമോഷന്‍..!

266

മഹാമാരിയെ അതിജീവിക്കാനുള്ള പോരാട്ടം തുടരുകയാണ് നാം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. പ്രതിരോധത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ നാം പോരാട്ടം തുടരേണ്ടതുണ്ട്. കൊവിഡ് മഹാമാരി പലരുടേയും ജീവിതത്തില്‍ തീര്‍ത്ത പ്രതിസന്ധിയും ചെറുതല്ല. കൊവിഡ്ക്കാലത്ത് കൈയടി നേടുന്ന പല മാതൃകകളും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തില്‍ മഹാമാരിയുടെ കാലത്തെ സ്‌നേഹാര്‍ദ്രമായ ഒരു ചേര്‍ത്തു നിര്‍ത്തലിന്റെ കഥയാണ് ശ്രദ്ധ നേടുന്നതും.

ചലച്ചിത്രതാരം മോഹിത് മല്‍ഹോത്രയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെ ഹൃദ്യമായ ഈ ജീവിതാനുഭവം പങ്കുവെച്ചത്. ഭരതി എന്ന സ്ത്രീയെക്കുറിച്ചുള്ളതാണ് ഈ അനുഭവം. പന്ത്രണ്ട് വര്‍ഷങ്ങളായി മോഹിത് മല്‍ഹോത്ര മുംബൈയില്‍ താമസം ആരംഭിച്ചിട്ട്. ഷൂട്ടിങ്ങ് തിരക്കുകള്‍ വര്‍ധിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്കായി ഒരു സഹായിയെ അന്വേഷിച്ചു. അങ്ങനെ ഭാരതി എന്ന സ്ത്രീ അവിടെയെത്തി. ഭാരതി വീട്ടിലെ കാര്യങ്ങളെല്ലാം നന്നായി നിര്‍വഹിച്ചു.

മോഹിത് മല്‍ഹോത്രയുടെ ഇഷ്ടഭക്ഷണങ്ങളെക്കുറിച്ച് അറിയാന്‍ അമ്മയോട് സംസാരിച്ചു. പുതിയ വിഭവങ്ങള്‍ക്കായി ഗൂഗിളും പരിശോധിച്ചു. ഭാരതിയുടെ വിഭവങ്ങളില്‍ പലതും അതിഗംഭീരമാണെന്നും മോഹിത് മല്‍ഹോത്ര പറയുന്നു. ഭാരതിയോടുള്ള അടുപ്പം വളര്‍ന്നു. സ്വന്തം സഹോദരിയെപ്പോലെയാണ് തനിക്ക് തോന്നിയതെന്നും മോഹിത് പറയുന്നു. ഭാരതിയുടെ മകന്‍ രോഹിതുമായും മോഹിത്തിന് അടുപ്പമുണ്ട്. രോഹിത്തിന്റെ ഉപരിപഠനത്തിന് ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്തതും മോഹിത് മല്‍ഹോത്രയാണ്.

അങ്ങനെയിരിക്കെ ലോക്ക്ഡൗണ്‍ സമയത്ത് മോഹിത് ഡല്‍ഹിയിലായി. ഭാരതിയാകട്ടെ മുംബൈയിലെ വീട്ടിലും. എങ്കിലും എല്ലാ ദിവസവും ഫോണ്‍ വിളിക്കും. ആരോഗ്യകാര്യങ്ങളെക്കുറിച്ചെല്ലാം കൃത്യമായി അന്വേഷിക്കും. മൂന്ന് മാസങ്ങള്‍ക്ക് ശേഷം മുംബൈയില്‍ മടങ്ങിയെത്തിയപ്പോള്‍ ഇഷ്ടവിഭവങ്ങളുണ്ടാക്കി ഭാരതി കാത്തിരുന്നു. അങ്ങനെ ഏഴ് മാസങ്ങള്‍ക്ക് ശേഷം ഭാരതിക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചു. ആദ്യം സഹോദരിയായി പിന്നെ അമ്മയായി. ഇനിമുതല്‍ ‘ലേക്ക്ഡൗണ്‍ മോം’ എന്ന് വിളിക്കുമെന്നും തമാശരൂപേണ മോഹിത് പറയുന്നു. മനോഹരമാണ് ഈ ചേര്‍ത്തുനിര്‍ത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here