ചിലർക്ക് ആകാശം ഇടിഞ്ഞു വേണം തങ്ങൾ ആസ്വദിച്ചു ചെയ്യുന്ന കാര്യങ്ങളിൽ നിന്നും മാറി നിൽക്കാൻ പറ്റില്ല. ഏറ്റവും സന്തോഷം കിട്ടുന്ന കാര്യം ചെയ്യുമ്പോൾ ചുറ്റും നടക്കുന്ന കാര്യങ്ങൾ അവർ ശ്രദ്ധിക്കാറില്ല. ഇനി അഥവാ ശ്രദ്ധിച്ചാലും അതൊന്നും അവരെ ബാധിക്കില്ല. അതിപ്പോൾ തോക്കുമായി കള്ളൻ വന്നാലും. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് ഇത്തരത്തിൽ ഒരു കക്ഷിയാണ്.
വഴിവക്കിലെ ഒരു കടയിൽ തനിക്ക് ഏറെ ഇഷ്ടപെട്ട ചിക്കൻ വിങ്‌സ് കഴിക്കുകയാണ് കക്ഷി. അതുവഴി എത്തിയ ഹെൽമെറ്റ് ധരിച്ച ഒരു കവർച്ചക്കാരൻ തോക്കുചൂണ്ടി കടയിലേക്ക് കയറി. അവിടെ നിന്നിരുന്ന ചിലർ ഉടൻ സ്ഥലം കാലിയാക്കി. ചിക്കൻ കഴിഞ്ഞു കൊണ്ടിരുന്ന യുവാവിന്റെ അടുത്തേക്ക് വന്ന കവർച്ചക്കാരൻ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്തു. പക്ഷെ അപ്പോഴും യുവാവ് ചിക്കൻ കഴിച്ചു കൊണ്ടിരിക്കയാണ്.
ഇതിന് ശേഷം കവർച്ചക്കാരൻ കടയിലെ പണം തോക്കുചൂണ്ടി ചോദിച്ചു വാങ്ങുന്നത് കാണാം. ഈ സമയത്തും യുവാവ് ചിക്കൻ വിങ്‌സ് ഒരു കൂസലുമില്ലാതെ കഴിക്കുകയാണ്. കവർച്ചക്കാരൻ പിന്നെയും യുവാവിന്റെ അടുത്തെത്തുമ്പോഴേക്കും തന്റെ കീശയിലെ സ്മാർട്ട്ഫോൺ എടുത്തു നൽകുന്നതും സിസിടിവി ക്യാമെറയിലുണ്ട്. സ്വന്തം ഇഷ്ടംപ്രകാരം യുവാവ് മൊബൈൽഫോൺ കവർച്ചക്കാരാണ് കൊടുക്കുകയാണ് എന്നെ തോന്നൂ. അപ്പോഴും യുവാവിന്റെ ഒരു കയ്യിൽ ചിക്കാനാണ്.
കവർച്ചക്കാരൻ പിന്നീട് യുവാവിന്റെ തൊട്ടപ്പുറത്തിരിക്കുന്ന യുവതിയുടെ അടുത്തേക്ക് വന്ന് അവരുടെയും മാല പൊട്ടിച്ചെടുക്കുന്നുണ്ട്. അല്പം പേടിച്ച യുവതി ദേഹോപദ്രവം ഏൽക്കാതിരിക്കാൻ സ്വന്തം മൊബൈൽ ഫോൺ കവർച്ചക്കാരന് നൽകാൻ ഒരുങ്ങുന്നു. പക്ഷെ യുവതിയുടെ ഫോൺ വാങ്ങാതെ കവർച്ചക്കാരൻ കിട്ടിയ പണവും മാലയും സ്മാർട്ട്ഫോണുമായി കടയുടെ പുറത്തിറങ്ങി ബൈക്കിൽ രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്.