കുടുംബ പ്രേക്ഷകരുടെ പ്രിയ സീരിയലുകളിൽ ഒന്നായ ‘ചക്കപ്പഴം’ പുതിയൊരു താരനിരയെ കൂടിയാണ് മലയാളത്തിന് സമ്മാനിച്ചത്. ടിക് ടോകിലും മറ്റും പരിചിതരായ പലരുടെയും കന്നി സ്ക്രീൻ എക്സ്പീരിയൻസാണ് ചക്കപ്പഴം. അതിലെ കഥാപാത്രങ്ങൾ ഒന്നിലൊന്ന് വ്യത്യസ്തർ. ഇണക്കവും പിണക്കവും കുറുമ്പും കുട്ടിക്കുശുമ്പുകളും ഒക്കെയായി അവർ മലയാളികളുടെ മനസ്സിലേക്കാണ് ചക്കപ്പഴത്തിന്റെ മധുരം പോലെ കടന്നു വന്നത്. വളരെ പെട്ടന്ന് തന്നെ ജനശ്രദ്ധ നേടുകയും ചെയ്തു.അവരിൽ പ്രധാനിയാണ് ശിവൻ എന്ന അളിയൻ കഥാപാത്രത്തെ മനോഹരമാക്കി പ്രേക്ഷകരുടെ പ്രിയങ്കരനായ അർജുൻ സോമശേഖർ.
നർത്തകി സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവ് എന്ന നിലയിലും ടിക് ടോക് താരമെന്ന നിലയിലും അറിയപ്പെടുന്ന അർജുൻ, ‘ചക്കപ്പഴ’ത്തിലൂടെ കുടുംബങ്ങളുടെ പ്രിയപ്പെട്ടവനായി മാറിയത് അതിവേഗമാണ്. ഇപ്പോൾ അർജുൻ പരമ്പരയിൽ നിന്ന് പിന്മാറുകയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്. അർജുൻ ചക്കപ്പഴത്തിൽ നിന്നു പിൻമാറി എന്ന വാർത്ത പ്രേക്ഷകരിൽ വലിയ നിരാശയാണ് സൃഷ്ടിച്ചിരിക്കുന്നത്.‘‘സമയക്കുറവാണ് പ്രധാന കാരണം. ഷെഡ്യൂളുകൾ നീണ്ടു പോകുന്നു. അത് ഞങ്ങളുടെ ഡാൻസ് ക്ലാസിനെ ബാധിച്ചു തുടങ്ങിയതോടെയാണ് പിൻമാറാൻ തീരുമാനിച്ചത്. ഒരു മാസം വർക്കിനിടയിൽ വളരെക്കുറച്ച് അവധി ദിവസങ്ങളേ കിട്ടുന്നുള്ളൂ. രണ്ടും കൂടി മാനേജ് ചെയ്യാൻ പറ്റുന്നില്ല. 200 വിദ്യാർഥികളുണ്ട്. സമയമില്ല, ക്ലാസ് പിരിച്ചു വിടുന്നു എന്ന് അവരോട് എങ്ങനെ പറയും.
മാത്രമല്ല, ഞങ്ങളുടെ വലിയ പാഷൻ കൂടിയാണ് നൃത്തം. അതിൽ കോംപ്രമൈസ് ചെയ്ത് മുന്നോട്ടു പോകേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. സൗഭാഗ്യയ്ക്ക് ഒറ്റയ്ക്ക് ക്ലാസുകൾ മാനേജ് ചെയ്യാൻ പറ്റുന്നില്ല’’. – അർജുൻ പിൻമാറ്റത്തെക്കുറിച്ച് ‘വനിത ഓൺലൈനോ’ട് വ്യക്തമാക്കുന്നു. എന്റെ എല്ലാ സുഹൃത്തുക്കളും അറിയുവാൻ, ഞാൻ ചക്കപ്പഴം പരമ്പരയിൽ നിന്ന് പിന്മാറുകയാണ്. എന്നാൽ അതിന്റെ കാരണം ഇപ്പോൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇതുവരെ എന്നെ സ്നേഹിച്ച് എനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകിയ എല്ലാവരോടും ഞാൻ നന്ദി പറയുന്നു എന്നുമാണ് അർജുൻ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.