കോവിഡ് ബാധിച്ച് ആശുപത്രിയിൽ മരിച്ച അമ്മയുടെ മൃതദേഹമെത്തിച്ചപ്പോൾ മകൻ വീടിന്റെ ഗേറ്റുപൂട്ടി. സ്വത്തുതർക്കത്തിന്റെ പേരിൽ മകളുടെ വീട്ടിലേക്ക് കുടുംബവീടുവഴി മൃതദേഹം കൊണ്ടുപോകുന്നതിനാണ് മകൻ തടസ്സംനിന്നത്. ജനപ്രതിനിധികളും പോലീസും സംസാരിച്ചിട്ടും ഗേറ്റുതുറക്കാത്തതിനാൽ ഒടുവിൽ പൂട്ടുമുറിച്ച് മൃതദേഹം മകളുടെ വീട്ടിൽ മാനദണ്ഡങ്ങൾ പാലിച്ചു സംസ്കരിച്ചു. ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് എട്ടാംവാർഡിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.
വിരമിച്ച അധ്യാപികയായ അമ്മ കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയാണു മരിച്ചത്. ജനപ്രതിനിധികളെത്തിയാണ് ആശുപത്രിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. തുടർന്ന് വീടിനടുത്തെത്തിയപ്പോഴാണ് മകൻ ഗേറ്റുപൂട്ടിയിട്ടത് ശ്രദ്ധയിൽപ്പെട്ടത്. മകൻ താമസിക്കുന്ന കുടുംബവീട്ടിലൂടെ കടന്നുവേണം മകളുടെവീട്ടിലെത്താൻ.
പഞ്ചായത്ത് പ്രസിഡന്റും പ്രാദേശികനേതാക്കളും പോലീസുമെത്തി സംസാരിച്ചിട്ടും ഇയാൾ ഗേറ്റുതുറന്നില്ല. 15 മിനിറ്റോളം നടന്ന തർക്കത്തിൽ മകന്റെ ഭാര്യയും പോലീസിനോടു തട്ടിക്കയറി. ഇവയൊക്കെ മൊബൈലിൽ പകർത്തിയവർ നവമാധ്യമങ്ങളിൽ ഇടുകയുംചെയ്തു. അവസാനം പൂട്ടുതകർത്താണ് മൃതദേഹം കൊണ്ടുപോയി സംസ്‌കരിച്ചത്. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് ചേർത്തല പോലീസ് പറഞ്ഞു.